Tuesday 16 December 2014

ആത്മാവ് സംസാരിക്കുന്നു ..........



മരണം !!!!  ഭൗതികമായ  ലോകത്ത് നിന്നും അജ്ഞാതമായ മറ്റേതോ ലോകത്തിലേക്കുള്ള കിളിവാതിൽ .... എത്ര  തവണ  ചിന്തിച്ചു ; മരണത്തെ പറ്റി.. ഒരെത്തും  കിട്ടുന്നില്ല .മരിച്ചു  കഴിഞ്ഞാലും  ആത്മാവ് ജീവിക്കുമോ ? ഇല്ല  എന്നു പറയുന്ന യുക്തിവാദികളെ  ഞാൻ പിന്താങ്ങില്ല. ഈ ശരീരത്തെ നടത്തുകയും പ്രവർത്തിപ്പിക്കുകയും ചിരിപ്പിക്കുകയും  കരയിപ്പിക്കുകയും ചെയ്യുന്ന ശക്തി: അതെന്താണ്? മരിച്ചു കഴിഞ്ഞാൽ ആ ശക്തി എങ്ങൊട്ട് പോകുന്നു ? അപ്പോൾ അജ്ഞാതമായ ആ ശക്തിയെ നമുക്ക് ആത്മാവ് എന്ന് വിളിച്ചു കൂടെ ? അങ്ങനെയെങ്കിൽ ആത്മാവും ശരീരവും വേർപിരിയുന്ന അവസ്ഥയാണ്‌ മരണം. അതെ! ഞാൻ അങ്ങനെയാണ് മരണത്തെ നിർവചിക്കുക .
"നിനക്ക് പഠിക്കാൻ ഒന്നുമില്ലേ ??"
പെട്ടന്ന് ഒരായിരം കിലോമീറ്ററുകൾ പിന്നിലേക്ക്, എന്റെ ലോകത്തിലേക്ക് , എന്റെ ശരീരത്തിലേക്ക് ഞാൻ തിരിച്ചു വന്നു.
"ഉണ്ട്.. ഞാൻ പഠിക്കുകയാണ്."
തുറന്നു വച്ചിരിക്കുന്ന പുസ്തകതാളിലേക്ക് ഞാൻ നോക്കി. എന്റെ റൂം മേറ്റ്‌ നെ , എന്റെ എല്ലാ ചലനങ്ങളുടെയും എല്ലാ  മുഖഭാവങ്ങളുടെയും അർഥം അറിയാവുന്ന മരിയയെ ബോധിപ്പിക്കാൻ വേണ്ടി പുസ്തകതാളിലെ നിരത്തിയ അക്ഷരങ്ങൾക്ക്  പിന്നാലെ എന്റെ കണ്ണുകൾ വിരസമായ് പാഞ്ഞു.
"ഇല്ല , നീ പഠിക്കുകയല്ല . എവിടെയാ നീ ? ഏതു ലോകത്തിലാ ? university exam ന് ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ . ഓർമയുണ്ടല്ലോ അല്ലെ ?"   
അവളെന്നെ തുറിച്ചു നോക്കി.
"മരിയ , നിനക്ക് മരണത്തെ പറ്റി എന്താ അഭിപ്രായം? "

എനിക്കറിയാം , അവൾക്കും എന്നെ പോലെ തന്നെ താല്പര്യമുള്ള വിഷയമാണ്‌ അത് . ഒരായിരം ചോദ്യങ്ങളുമായ് ഞങ്ങൾ പരസ്പരം മരണത്തെ പറ്റി സംസാരിക്കാറുണ്ട്. ആറു മാസത്തെ കളരിയഭ്യാസത്തിന്റെ കലാശക്കളിക്ക് ഒരാഴ്ച മാത്രം ബാക്കി നില്ക്കെ വിരസമായ പഠനത്തിന്റെ ഇടയിൽ ഞങ്ങൾക്ക് ചർച്ച ചെയ്യാനുള്ള വിഷയമായ് മരണം. സജീവമായ ചർച്ചക്കൊടുവിൽ നിരാശയോടെ ഞാൻ കണ്ടെത്തി.
"നമ്മൾ മനുഷ്യർക്ക് എന്ത് പറയാനാകും? മരിച്ചവർ തിരിച്ചു വന്നു പറഞ്ഞാലേ വിശ്വസിക്കാൻ പറ്റൂ. അതൊട്ട് നടക്കുകയുമില്ല. സാരമില്ല . നമ്മൾ ഒരിക്കൽ മരിക്കുമല്ലോ, അന്ന് മനസിലാക്കാം. "
"ആരു പറഞ്ഞു മരിച്ചവർ തിരിച്ചു വരില്ലന്ന്? നീ ഓജോ ബോർഡ് എന്നു കേട്ടിട്ടുണ്ടോ? അതുപയോഗിച്ച് നമുക്ക് മരിച്ചവരോട് സംസാരിക്കാം."
"ഏയ്; അതൊക്കെ വെറുതെയാണ്. എനിക്കിതിലൊന്നും വിശ്വാസമില്ല." ഞാൻ അലക്ഷ്യമായ്‌ പറഞ്ഞു.
"ഇല്ല സ്വപ്ന; ഞാൻ ഓജോ ബോർഡ് കളിച്ചിട്ടുണ്ട്. ആത്മാവ് വന്നിട്ടുമുണ്ട്. എന്റെ കൂട്ടുകാരെല്ലാം ആത്മവുമായ് സംസാരിച്ചു. നിനക്ക് വിശ്വാസമില്ലെങ്കിൽ നമുക്ക് ഒന്നു ശ്രമിച്ചു  നോക്കിയാലോ ? "
"അതിനു ഓജോ  ബോർഡ്‌ ഉണ്ടാക്കണ്ടേ ?"
"അതിപ്പോ ശരിയാക്കാം."
ഞാൻ നോക്കി നില്ക്കെ നിമിഷ നേരം കൊണ്ട് മരിയ ഓജോ ബോർഡ്‌ തയ്യാറാക്കി. ഞാൻ സൂക്ഷിച്ചു നോക്കി. നിരത്തി വച്ചിരിക്കുന്ന അക്ഷരങ്ങൾ. A -Z  വരെ. പിന്നെ 0 മുതൽ 9 വരെ അക്കങ്ങൾ. നടുവിലായ് അഞ്ചു രൂപയുടെ നാണയം.അതിനിരുപുരവുമായ് yes , no . ജീവിതത്തിലാദ്യമായാണ്‌ ഞാൻ ഓജോ ബോർഡ്‌ കാണുന്നത്.ജീവിതവും മരണവും ആയുള്ള സംവാദം.മരിച്ചവർ ജീവിച്ചിരിക്കുന്നവരൊട് സംസാരിക്കുന്നു.എത്ര വിചിത്രം!
അതെ! ഞങ്ങൾ ഓജോ കളിയ്ക്കാൻ പോകുകയാണ്. എന്താണ് എന്നറിയാനുള്ള ജിജ്ഞാസ മാത്രം. experienced hand മരിയ എനിക്ക് rules & regulations പറഞ്ഞു തരികയാണ്.
"ആദ്യം coin   നടുവിലായ് വക്കണം.തികഞ്ഞ ഏകാഗ്രതയോടെ മനസ്സിൽ ആത്മാവിനെ വിളിക്കണം.ആത്മാവ് വന്നാൽ coin ചലിക്കാൻ തുടങ്ങും.അപ്പൊ നമുക്ക് സംസാരിച്ചു തുടങ്ങാം."
 വളരെ ശ്രദ്ധയോടെ ഞാൻ എല്ലാം കേട്ടു.

എന്റെ മനസ് നിറയെ ചോദ്യങ്ങളാണ് . ഇത് എത്ര മാത്രം ശരിയാണ്? coin ന്റെ ചലനം! .. അത് നമ്മുടെ വിരൽ ചലിപ്പിക്കുന്നതായിക്കൂടെ ? external  force ----- ആത്മാവ്---- അതെങ്ങനെ ശരിയാവും? അംഗീകരിക്കാൻ പറ്റുന്നില്ല. എന്തായാലും ഇന്നത്തോടെ എല്ലാം കണ്ടു പിടിക്കണം.
-------------------------------
രാത്രി ഏറെ വൈകി. ഹോസ്റ്റലിൽ എല്ലാവരും ഉറക്കമായ്‌. അവരെല്ലാം ഉറങ്ങി , നിശബ്ദമായ ഒരന്തരീക്ഷം വരാൻ ഞങ്ങൾ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു.
"ഇനി തുടങ്ങാം."
ഞാൻ ക്ലോക്കിൽ നോക്കി. സമയം 12.30. കേട്ടു പരിചയിച്ച യക്ഷി കഥകളിൽ യക്ഷികൾ മനുഷ്യ രക്തം ഊറ്റികുടിക്കാൻ ഇറങ്ങുന്ന സമയം.എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയ്‌. അങ്ങനെയുള്ള യക്ഷികളെങ്ങാനുമെത്തി എന്നെയും മരിയ യെയും കൊന്നാലോ? ഇല്ല ... പേടിക്കില്ല..എന്ത് വന്നാലും ഇനി ഓജോ കളിക്കും.
കത്തിച്ചു വച്ച മെഴുകുതിരിയുടെ മുന്നിൽ ഓജോ ബോർഡുമായ് ഞങ്ങൾ ഇരുന്നു. ഹൃദയമിടിപ്പ്‌ ഓരോ നിമിഷവും കൂടുകയാണ്. സ്വതവേ ധൈര്യമില്ലാത്ത ഞാൻ ഇങ്ങനെ ഒരു സാഹസത്തിന്...........
ഞാൻ മരിയയെ നോക്കി.അവൾക്കെന്തു ധൈര്യമാണ്. അവളിപ്പോഴും so cool... എനിക്ക് നാണക്കേട് തോന്നി.അവളുടെ നാലിലൊന്ന് ധൈര്യം പോലും തനിക്ക് ഇല്ലാതെ പോയല്ലോ.
"സ്വപ്നാ... നീ coin ഇൽ  വിരൽ വക്ക്.അധികം ബലം കൊടുക്കരുത്. just  a simple contact .." വളരെ താഴ്ന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.
ഉള്ളിൽ ഭയം വളർന്ന് ഒരു വട വൃക്ഷം പോലെ  പന്തലിക്കുമ്പൊഴും പുറമേ താനും ഒരു ധൈര്യശാലി ആണെന്നു തെളിയിക്കാനുള്ള തത്രപാടിലായിരുന്നു ഞാൻ.
ഞങ്ങളുടെ വിരലുകൾ ആ അഞ്ചു രൂപ നാണയത്തെ സ്പർശിച്ചു. ഇനി ഏകാഗ്രതയുടെ നിമിഷങ്ങൾ.കണ്ണടച്ചു ഞങ്ങൾ ഏകാഗ്രതയോടെ വിളിച്ചു:

"good spirit , please come..... good spirit , please come..... "
 

എത്ര നേരം വിളിച്ചു എന്ന് എനിക്കറിയില്ല. ഏതോ ഒരു നിമിഷം വിരലിൽ എന്തോ ഒരു ബലം അനുഭവപ്പെട്ടു.അതെ.എന്തോ സംഭവിച്ചിരിക്കുന്നു. ആരോ വിരലിനെ coin ഇലേക്ക് വലിക്കുന്നു. "സ്വപ്നാ..നോക്കൂ." മരിയ  ശ്രദ്ധയിൽ പെടുത്തി.അതാ..coin അനങ്ങുകയാണ്.. "മരിയ...അത് ചലിക്കുന്നു." ഞാൻ വിശ്വസിക്കാനാകാതെ ഇടറിയ ശബ്ദത്തിൽ പറഞ്ഞു. മരിയ ബോർഡിലേക്ക് നോക്കി.
Good Spirit.. Are you here?  coin , yes ഇലേക്ക്  മെല്ലെ ചലിക്കുന്നു. എന്നിലെ എല്ലാ ശക്തിയും ചോർന്നു പോകുകയാണ്. എനിക്കുറപ്പാണ്,ഞാൻ ഒരു ബലവും coin ഇൽ  കൊടുത്തിട്ടില്ല. അത് മറ്റേതോ ശക്തിയാൽ സഞ്ചരിക്കുകയാണ്.ഞാൻ ആ സത്യം അംഗീകരിച്ചിരിക്കുന്നു.ആരോ എത്തിയിട്ടുണ്ട്.ഞങ്ങളോട് സംസാരിക്കാൻ.
എന്റെ ശരീരം വിറക്കുകയാണ്.ശബ്ദം പുറത്തേക്ക് വരുന്നില്ല.ഒരാത്മാവ് മരണത്തിനപ്പുറം ഉള്ള മറ്റേതോ ലോകത്ത് നിന്നും വന്നിരിക്കുന്നു!
"can you tell us your name ?" മരിയ  സംസാരിച്ചു തുടങ്ങി.
coin  ചലിക്കുകയാണ്. ഏതോ അക്ഷരത്തെ ലക്ഷ്യമാക്കി.
D.....E....G...I...K...U....M....A....R.......
ഞങ്ങളുടെ കണ്ണുകളും പിന്നാലെ പാഞ്ഞു..... "ദേഗി കുമാർ" ?
"Which place are you from?"
മരിയ യുടെ  ചോദ്യങ്ങൾ  തുടരുകയാണ്. ഭയവും, അത്ഭുതവും, കീഴടക്കിയ എന്റെ മനസും, ആ വിരലുകൾക്ക് പിന്നാലെ പാഞ്ഞു കൊണ്ടേയിരുന്നു. coin ഇന്റെ  വേഗത കൂടിയിരിക്കുന്നു.തന്റെ കഥ പറയാനുള്ള ആത്മാവിന്റെ വെമ്പൽ ഞാൻ എന്റെ വിരൽതുമ്പിൽ തിരിച്ചറിഞ്ഞു.
H...I...M...A...C....H...A...L...P...R...A...D...E...S...H...
"When did you die?"

ആ ചോദ്യം എന്റെ മനസിലുടക്കി നിന്നു. മരണത്തിന്റെ കരാള ഹസ്തങ്ങളിൽ പെട്ട് ബന്ധുക്കളെയും ഈ ലോകത്തിനെ തന്നെയും വേർപിരിയേണ്ടി വന്ന നാൾ !!!
"1934"
COIN  മറുപടി തന്നു.
"how did you die?" മരിയ  ചോദ്യ ശരങ്ങൾ വര്ഷിക്കുകയാണ്.
"s...u....i...c...i...d...e"..
"ആത്മഹത്യയോ? ഞാൻ വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു. സഹതാപത്തോടെ ഞങ്ങൾ പരസ്പരം നോക്കി.
വീണ്ടും ചോദ്യങ്ങൾ!
"what was the reason for your suicide?"
ഏതൊക്കെയോ അക്ഷരങ്ങളിലൂടെ coin ഏതോ താളത്തിൽ പതിയെ സഞ്ചരിക്കുകയാണ്. പിന്നാലെ പായുന്ന ഞങ്ങള്ക്ക് ആ അക്ഷരങ്ങളെ കൂട്ടിയെടുക്കാൻ കഴിയുന്നില്ല.മരിയ എന്നെ സംശയത്തോടെ നോക്കി.
"ഇത് എന്ത് ഭാഷയാ?? " ഞങ്ങളുടെ സംശയം മനസിലാക്കിയിട്ടെന്ന പോലെ coin തനിയെ ചലിച്ചു. 
G...A...W...A...R...L...A...N...G...U...A...G...E......
ഒന്നും മനസിലാകാതിരുന്ന എന്നോട് മരിയ  വിശദീകരിച്ചു. ഇത് പണ്ടേതോ ഗ്രാമീണർ സംസാരിച്ചിരുന്ന ഹിന്ദി യുടെ പ്രാകൃത രൂപം ആണെന്ന് തോന്നുന്നു...
ഞങ്ങൾ സംസാരിച്ചിരിക്കെ ഞങ്ങളുടെ വിരലുകളെയും കൊണ്ട് coin നീങ്ങി. ദേഗി ജി  സംസാരിക്കുകയാണ്. അറിയാവുന്ന ഭാഷയിൽ...
24 ആം വയസിൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്തതാണ്.ഞാൻ മനസ്സിൽ സങ്കല്പ്പിച്ചു നോക്കി. ഹിമാചൽ പ്രദേശിലെ മനോഹരമായ ഏതോ താഴ്‌വരയിൽ , സന്തോഷങ്ങളും, ദുഖങ്ങളും,പങ്കിട്ട് ജീവിച്ച ഒരു കുടുംബം; അച്ഛനും അമ്മയും മക്കളും!  കട ബാദ്ധ്യതയിൽ മുങ്ങി ജപ്തി ഭയന്ന്, ഏതോ ഒരു ദിനം, ഒന്നിച്ച്...!!!!!

"പാവം!! "  ഞങ്ങൾ സഹതാപത്തോടെ പറഞ്ഞു.
"സ്വപ്നാ അതാ വീണ്ടും coin ചലിക്കുന്നു." ഞാൻ നോക്കി. ഇനിയും എന്തോ പറയാൻ വേണ്ടി ദേഗി ജി ശ്രമിക്കുകയാണ്. ഏകാഗ്രതയോടെ നാലു കണ്ണുകളും ഓരോ അക്ഷരത്തെയും പെറുക്കി എടുക്കുകയാണ്.
“D....E...G...I...J...I... A...A...P...K...I ...Z...I...N...D...A...G...I ...C...H...A...H...T...E... H...E...”
എനിക്ക് ഒന്നും മനസിലാകുന്നില്ല.മരിയ യുടെ കണ്ണുകളിൽ ആദ്യമായ് ഭയം നിഴലിക്കുന്നത് ഞാൻ കണ്ടു.ഞാൻ ചോദിച്ചു; എന്താ? എന്താ ദേഗി ജി പറയുന്നത്?
"അത്..അത്.. നീ പേടിക്കരുത്... देगी जी आपकी ज़िन्दगी चाहते हैं !  അവൾ മടിച്ചു മടിച്ചു പറഞ്ഞു.
ബോധം മറയുകയാണോ,കണ്ണുകളിൽ ഇരുട്ട് കയറുന്നു.എന്താ അയാൾ പറഞ്ഞത്? ഞങ്ങളുടെ ജീവൻ വേണമെന്നോ?? ഭയത്തോടെ ഞങ്ങൾ coin  ഇൽ  നോക്കി.അത് ലക്ഷ്യമില്ലാതെ തലങ്ങും വിലങ്ങും സഞ്ചരിക്കുകയാണ്.എന്താണിതിന്റെ ഒക്കെ അർഥം?
""മരിയ , നമുക്ക് നിർത്താം." ഞാൻ ഭയത്തോടെ അവളുടെ മുഖത്ത് നോക്കി. അവളും ഭയന്നിരിക്കുന്നു. പെട്ടന്ന് തന്നെ coin നടുവിൽ നിർത്തി പ്രാർത്ഥന നിരതമായ മനസുമായ് ഞങ്ങളിരുന്നു.വിരൽ തുമ്പിലെ ബലം കുറയുകയാണ്.ദേഗി ജി തിരികെ പോകുകയാണ്.പതിയെ പതിയെ ആകർഷണ ബലം പൂർണമായും അപ്രത്യക്ഷമായ്.ആത്മാവ് തിരികെ പോയിരിക്കുന്നു. സമാധാനമായി.കുറേനേരം ഞങ്ങൾ പരസ്പരം നോക്കിയിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മനസിനെ ശാന്തമാക്കി ഓജോ ബോർഡ്‌ സുരക്ഷിതമായി മടക്കി വച്ചിട്ട് ഞങ്ങൾ ഉറങ്ങാൻ കിടന്നു.കണ്ണടക്കാൻ പറ്റുന്നില്ല.ഓർമയിൽ തെളിയുന്നത് മുഴ്‌വൻ ആ വാക്കുകളാണ്.
देगी जी आपकी ज़िन्दगी चाहते हैं
ഇനി ഉറങ്ങുമ്പോഴെങ്ങാനും ദേഗി ജി തിരികെ വന്നു കൊന്നാലോ ?? ഭയപ്പെടുത്തുന്ന ചിന്തകളുമായി ആ രാത്രി കടന്നു പോയി.രാവിലെ ഏറെ വൈകിയാണ് എഴുന്നേറ്റത്. വീണ്ടും ചിന്തകൾ ഓജോ ബോർഡിൽ തന്നെ.ഇന്ന് എക്സ്ട്രാ ക്ലാസ്സ്‌ ഉള്ള ദിവസമാണ്.എങ്ങനെയൊക്കെയോ വേഗം റെഡി ആയി സബ്മിറ്റ് ചെയ്യാനുള്ള assignments ഉം വാരിയെടുത്ത് ഞങ്ങൾ കോളേജ് ഇലേക്ക് ഓടി.

ഈ സെമെസ്റ്റെർ ഇന്റെ അവസാന ക്ലാസുകൾ ആണ്.ടീച്ചേർസ് എല്ലാവരും തിരക്കിട്ട് പഠിപ്പിക്കുന്നു. ഞാൻ എല്ലാവരെയും നോക്കി.എല്ലാവരിലും എക്സാം അടുക്കുന്നതിന്റെ ടെൻഷൻ പ്രകടമാണ്.ഞാൻ എന്നെ പറ്റി  ചിന്തിച്ചു. ഞാൻ മാത്രം........ എന്റെ മനസ്സിൽ ദേഗി കുമാറിന്റെ വാക്കുകൾ ഇപ്പോഴും മുഴങ്ങുന്ന പോലെ....
ഞാൻ മരിയ യെ നോക്കി..അവൾ ക്ലാസ്സിൽ ശ്രദ്ധിക്കുകയാണ്. അവളുടെ മനസ്സിൽ ഇപ്പോൾ ഓജോ ബോർഡോ ദേഗി കുമാറോ ഇല്ല.
afternoon session  ഒഴിവായത് കാരണം ഞങ്ങൾ നേരത്തെ ഹോസ്റ്റലിൽ എത്തി.ഞാൻ വീണ്ടും ഓജോ ബോർഡിനെ പറ്റി ചിന്തിച്ചു. ദേഗി കുമാറിനെ പോലെ ആവില്ലല്ലോ എല്ലാവരും,നല്ലവരും ഉണ്ടാവില്ലേ....ഒന്നുകൂടി.....
"മരിയ നമുക്ക് ഒന്നുകൂടി ഓജോ കളിക്കാം. മറ്റാരെങ്കിലും വന്നാലോ?"
"ശരിയാ.." അവളും അത് അംഗീകരിച്ചു.
വീണ്ടും ഓജോ യിലേക്ക്.
....good spirit please come...... good spirit please come......
ആരും വരുന്നില്ല. എന്താണാവോ പറ്റിയത്? " സ്വപ്ന concentrate well ". മരിയ കുറച്ച് ദേഷ്യത്തോടെയാണ്‌ പറഞ്ഞത്. ഞാൻ വീണ്ടും മനസിനെ ഏകാഗ്രമാക്കാൻ ശ്രമിച്ചു.ഉള്ളിൽ ഭയമെന്ന നെരിപ്പോട് പുകയുന്നുണ്ട്.ഇനിയും ദേഗി കുമാർ വന്നാലോ എന്ന ഭയം. പക്ഷെ പുറത്ത് കാട്ടിയില്ല. "നമുക്ക് കുറച്ചു നേരം കഴിഞ്ഞ് ശ്രമിക്കാം മരിയ ".

റൂമിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി. പുറത്തേക്ക് നോക്കിയ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.അന്തരീക്ഷം ആകെ മാറിയിരിക്കുന്നു.കുറച്ചു മുൻപ് വരെ ചുട്ടു പൊള്ളുന്ന വെയിലിൽ ഒരില പോലും അനങ്ങാതെ നില്ക്കുകയായിരുന്നു. ഇപ്പൊ, ഇതെന്താണ് സംഭവിക്കുന്നത്?ഈ മഴക്കാറുകൾ ഇത്ര വേഗം എവിടെ നിന്നു വന്നു?അന്തരീക്ഷമാകെ മൂടികെട്ടിയിരിക്കുന്നു.പതിവില്ലാതെ ഒരു കാറ്റും വീശുന്നുണ്ട്.ആ കാറ്റ് എന്തോ സംസാരിക്കുന്നതു പോലെ എനിക്ക് തോന്നി. അതെ! ആരോ വരാൻ തയ്യാറായതാണ്.ഞങ്ങളോട സംസാരിക്കാൻ.
ഞാൻ ആവേശത്തോടെ തിരികെ റൂമിൽ കയറി.

"മരിയ  വാ..  നമുക്ക് ഓജോ കളിക്കാം. ഇത്തവണ ഞാൻ നന്നായ് ശ്രദ്ധിക്കാം."
വിരൽ തൊട്ടപ്പോൾ തന്നെ ജീവൻ വച്ചത് പോലെ coin അതിവേഗം ചലിക്കാൻ തുടങ്ങി. പയ്യെ പയ്യെ coin ഇന്റെ വേഗത കൂടി തുടങ്ങി.. എന്താണെന്ന് മനസിലാക്കാൻ പറ്റുന്നതിനു മുന്പേ ഭയാനകമായ ഒരു ബലം വിരലിൽ അനുഭവപ്പെട്ടു.
" എന്താ മരിയ സംഭവിക്കുന്നത്? എനിക്ക് ഒന്നും മനസിലാകുന്നില്ല. coin  A ....H ....A ....H ....A ....H .... എന്ന് കാണിക്കുന്നു. മനസിലാക്കാൻ പറ്റുന്നില്ല.എന്താണാവോ??
"who are you ?"  .....A... D... I... T... H ....I ..
നിയന്ത്രണാതീതമായ  വേഗത്തിൽ coin മറുപടി തന്നു.ആദ്യമായാണ് ഒരു സ്ത്രീ.ഒരല്പം ഭയം തോന്നി.
I…a…m…f…r…o…m… g…o…a…
അദിതി സംസാരിച്ചു തുടങ്ങി...
“How did you die?”
S---U---I---C---I---D---E---------P---E---T---R---O---L---
പെട്രോളോ ??? അതിന്റെയർത്ഥം?.... ഒരു ചെറിയ നിശബ്ദതക്ക് ശേഷം coin ശക്തിയായി പാഞ്ഞു.
I---B---U---R---N---E---D---M---Y---S---E---L---F---
ഇത്തവണ ഞങ്ങൾ രണ്ടുപേരും ഒരു പോലെ പേടിച്ചു.  "മരിയ എനിക്ക്...എനിക്ക്... പേടിയാവുന്നു..."
"ഇല്ല..പേടിക്കണ്ട.ചിലപ്പോ അദിതി പാവം ആയിരിക്കും. നമുക്ക് ചോദിക്കാം."
അവളെന്നെ സമാധാനിപ്പിച്ചു.

coin  വീണ്ടും A ....H ....A ....H ....A ....H ..എന്ന് കാണിക്കുന്നു...പിന്നാലെ ഞങ്ങളുടെ വിരലുകളും പായുകയാണ്.കൈ നന്നായ് വേദനിക്കുന്നു. ആത്മാവ് പോകാതെ കൈ തിരികെ എടുക്കാനാവില്ല.
വീണ്ടും വീണ്ടുംA ....H ....A ....H   " എന്താ മരിയ ഇതിന്റെ അർഥം?"
അവൾ എന്നെ നോക്കി വിഷമത്തോടെ പറഞ്ഞു; "അത് ... അത്  കരയുകയാണ്."
ദേഹം മുഴ്വൻ പൊള്ളി വികൃതമായ ഒരു രൂപം നിലവിളിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു.
ദൈവമേ.... എന്തോരവസ്ഥ !! നാണയം ഒരു നിമിഷം പോലും നില്ക്കാതെ ചലിക്കുകയാണ്.
"എന്തിനാണ് നീ ആത്മഹത്യ ചെയ്തത്?"
coin പഴയതിലും നൂറിരട്ടി ശക്തിയോടെ പാഞ്ഞു....
DUE TO MY HUSBANDS ILLTREATMENT….
coin വീണ്ടും ലക്ഷ്യമില്ലാതെ പാഞ്ഞു.എന്റെ കൈ കുഴയുകയാണ്. "അവൾക്ക് ആരോടൊക്കെയോ ദേഷ്യമാണ്."മരിയ പറഞ്ഞു. coin ചില അക്ഷരങ്ങളെ ലക്ഷ്യമാക്കി കുതിച്ചു.
I hate my husband. I wanted to kill him. He put me in to hell and now living with another girl…
വീണ്ടും A...H...A....H..
അവൾ കരയുകയാണോ ? അതോ ദേഷ്യത്തോടെ അലറി വിളിക്കുകയാണോ?അറിയില്ല. കുറച്ചു നേരത്തെ സംവാദത്തിനു ശേഷം അവളെ പറഞ്ഞു വിടാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.coin നടുവിൽ പിടിച്ചു നിർത്താൻ നന്നെ പണിപ്പെടേണ്ടി വന്നു. പ്രാർത്ഥിച്ചപ്പോൾ ആകർഷണ ബലം പതിയെ പതിയെ കുറഞ്ഞു വന്നു
.
കുറെ അധികം ചോദ്യങ്ങൾ എനിക്ക് മുൻപിൽ അവശേഷിപ്പിച്ചുകൊണ്ട് അദിതിയും അവളുടെ ലോകത്തിലേക്ക് യാത്രയായി. ദൈവമെന്ന ആ മഹത്തായ സത്യത്തെ അവർ പേടിക്കുന്നതെന്തിനു  വേണ്ടി? ഞങ്ങൾ ഓജോ കളിക്കുന്നത് അപ്പൊ ദൈവത്തിനു ഇഷ്ടമല്ലായിരിക്കുമോ ? ചോദ്യങ്ങൾ ചോദ്യങ്ങളായി തന്നെ അവശേഷിക്കുന്നു.മരണവും ജീവിതവും തമ്മിലുള്ള അകലം കൂടുകയാണ്.അദിതി യാത്രയാവുകയാണ്.പാവം!! അവളുടെ വികാരങ്ങൾ താങ്ങാനുള്ള കരുത്ത് ഞങ്ങളുടെ മനസിനുണ്ടയിരുന്നില്ല.
"സ്വപ്നാ മതി.നമുക്കിനി കുറച്ചു നേരം പഠിക്കാം."
തുറന്നു വച്ചിരിക്കുന്ന പുസ്തകത്തിൽ ഞാൻ കാണുന്നത് ഓജോ ബോർഡ്‌ ആണ്.അതിലൂടെ ഒരു coin പായുന്നു.A ...H...A ....H ...A ....H ....   അദിതിയുടെ കരച്ചിൽ കാതിൽ മുഴങ്ങുന്ന പോലെ. ഞാൻ പുസ്തകത്തിൽ നിന്നും തലയുയർത്തി നോക്കി.മരിയ പഠിക്കുകയാണ്.എനിക്ക് മാത്രം പഠിക്കാൻ കഴിയുന്നില്ല.മനസിനുള്ളിൽ ചോദ്യങ്ങൾ മാത്രം... ഞാൻ എങ്ങനെയാവും മരിക്കുക? മരിച്ചു കഴിഞ്ഞാലും ജീവിതത്തിലെ നടക്കാതെ പോയ ആഗ്രഹങ്ങൾ അവശേഷിക്കുമോ? വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെയാണ് ഞാനും മരിക്കുന്നതെങ്കിൽ എന്റെ ആത്മാവും അദിതിയെ പോലെ കരയുമോ? അറിയില്ല.

ഇനിയും ഓജോ കളിക്കണം.ആത്മാവിനെ കൂടുതൽ അടുത്തറിയണം. അവര്ക്കും ഞങ്ങളോട് സംസാരിക്കാൻ നല്ല താല്പര്യം ആണല്ലോ.. ലോകത്തിൽ ആരുടെ അടുത്തും ഒന്നും പറയാനാവാതെ ആരുടേയും കാഴ്ചയിൽ പെടാതെ മറഞ്ഞു നില്ക്കുന്ന രൂപങ്ങൾ.അവരും ഒരുപാട് വേദനിക്കുന്നില്ലേ... ചിന്തിച്ചു ചിന്തിച്ച് എപ്പോഴോ മയക്കത്തിലേക്ക് ആണ്ടു പോയി. ആ മയക്കത്തിൽ ആരോ എന്നെ കൈ പിടിച്ചു മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോയി.ആ യാത്ര എന്നെ ശരിക്കും അത്ഭുത പ്പെടുത്തി. കുറച്ചു നിമിഷങ്ങൾ കൊണ്ട് ഞാൻ വലിയ ഒരു ദൂരം സഞ്ചരിച്ചിരിക്കുന്നു.നടക്കുകയായിരുന്നില്ല..മറിച്ച്, ഒഴുകുകയായിരുന്നു.ഭാരമില്ലാത്ത അവസ്ഥ. ഒടുവിൽ എവെടെയോ വെച്ച് ആ യാത്ര അവസാനിച്ചു. അതൊരു വേലിയാണ്.ഞാൻ ജീവിക്കുന്ന ഭൗതിക ലോകവും മനുഷ്യരുടെ അല്ലാത്ത മറ്റൊരു ലോകവും തമ്മിലുള്ള അതിർവരമ്പ്. എന്നെ അവിടെ എത്തിച്ച ശക്തി പതിയെ ഒരു പുകച്ചുരുളായ് ആ ലോകത്തിലേക്ക് പോയി. എനിക്കെങ്ങനെയും അവടെ എത്താൻ തിടുക്കമായി.എന്റെ കാലുകൾ അപ്രത്യക്ഷമായിരിക്കുന്നു. ഞാനും പുകപടലമായ് മാറുകയാണ്. എന്റെ രൂപവും അപ്രത്യക്ഷമായിരിക്കുന്നു.പകരം ഒരു പുകച്ചുരുൾ മാത്രം!! അത് മെല്ലെ ഉയർന്നുയർന്നു അടുത്ത ലോകത്തിലേക്ക് പ്രവേശിച്ചു. ചുറ്റും പുകച്ചുരുളല്ലാതെ മറ്റൊന്നുമില്ല. ഇതെല്ലാം മരിച്ചവരാകുമോ? കുറെ നേരത്തിനു ശേഷം ഒഴുകി നടന്ന എന്നെ ആരോ വിളിക്കുന്നു... അതൊരു സ്ത്രീ ശബ്ദം ആണ്. "സ്വപ്ന ഞാൻ അദിതി യാണ്.നിനക്കെന്നെ കാണണ്ടേ?" ഞാൻ തിരിഞ്ഞു നോക്കി. കത്തിയമർന്നു വിരൂപമായ ഒരു രൂപം എന്നെ നോക്കി വികൃതമായി ചിരിച്ചു!!!!!!!

"സ്വപ്നാ എഴുന്നേൽക്ക്. എന്തൊരു ഉറക്കമാ ഇത്? അതും ഈ നേരത്ത്...സമയം എന്തായെന്നാ  വിചാരം? വാ .. ചായ കുടിക്കാം. വേഗം എഴുന്നേൽക്ക്."
ഞാൻ ഞെട്ടലോടെ എഴുന്നേറ്റു. ഭാഗ്യം! അതൊരു സ്വപ്നമായിരുന്നു.സ്വപ്നത്തിൽ ഞാൻ മരിച്ചു പോയി.അദിതിയെ കണ്ടു.എന്തൊരു ഭീകരമായ  രൂപം!  ദൈവമേ, ഇനി ഇങ്ങനെയുള്ള സ്വപ്‌നങ്ങൾ ഒരിക്കലും കാണാൻ ഇടയാവരുതേ.
സ്വപ്നത്തെ പറ്റി ഞാൻ ആരോടും പറഞ്ഞില്ല.മറക്കാം... മനസ്സിൽ അത് തന്നെ ചിന്തിച്ച് ഞാൻ തന്നെ ഉണ്ടാക്കിയെടുത്ത രൂപമാകും അത്. എന്നാലും ഇനി പിനവാങ്ങില്ല. മരിയക്കും ഓജോ യിൽ താല്പര്യം ഉണ്ട്. കുറെ നേരം ടി വി കണ്ടെങ്കിലും മനസ് ഒന്നിലും ഉറക്കുന്നില്ല. എല്ലാവരും ചിരിക്കുമ്പോൾ എനിക്ക് മാത്രം ചിരിക്കാൻ കഴിയുന്നില്ല. എല്ലാവരും ഇടയ്ക്കിടെ എന്നെ ശ്രദ്ധിക്കുന്നത് പോലെ. എനിക്ക് എന്തെങ്കിലും മാറ്റം ഉണ്ടായോ?
ഇല്ല. ഒരു മാറ്റവും ഇല്ല. ഞാൻ പഴയ സ്വപ്ന തന്നെയാണ്. ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
എല്ലാം എന്റെ വെറും തോന്നലുകൾ മാത്രമാണ്.
റൂമിൽ  തിരിച്ചെത്തിയെങ്കിലും മനസ്സിൽ വീണ്ടും ഓജോ യിലെക്കായി.  " മരിയാ ..."
"ഓജോ കളിക്കാമല്ലേ.." എന്റെ മനസു വായിച്ച പോലെ മരിയ പറഞ്ഞു.  സമയം സന്ധ്യ ആണ്. ആത്മാവിനോട് സംസാരിക്കുവാൻ സമയം ഒരു പ്രശ്നമേ അല്ല എന്നെനിക്ക് തോന്നി.  വീണ്ടും ഓജോ യിലേക്ക്.  "good  spirit please come "
ഇപ്പോൾ എന്ത് വേഗത്തിലാണ് ആത്മാവ് എത്തുന്നത്. എന്തെങ്കിലും ചോദിക്കുന്നതിനു മുന്പ് തന്നെ ആത്മാവ് സംസാരിച്ചു തുടങ്ങി. SWAPNA , MARIA , I AM GOVIND ... ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടു. കൂടുതൽ സംസാരിച്ചപ്പോൾ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ആളാണ് എന്ന് മനസിലായി. കുറച്ചു നേരം ശാന്തമായി ഇരുന്ന COIN ഏതോ ഒരു നിമിഷം വേഗത്തിൽ പായാൻ തുടങ്ങി. COIN ഇന്റെ ഈ അപ്രതീക്ഷിതമായ മാറ്റം ഞങ്ങളിൽ ഭീതി ഉളവാക്കി. COIN ലക്ഷ്യമില്ലാതെ വട്ടം ചുറ്റിക്കൊണ്ടിരുന്നു .
"മതി ഇയാൾ ശരിയാവില്ല. നമുക്കിത് നിർത്താം." മരിയ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു.
കുറെ നേരം പണിപ്പെട്ടിട്ടും ആകർഷണ ബലം കുറയുന്നുണ്ടായിരുന്നില്ല.പറഞ്ഞു വിടാൻ ശ്രമിച്ചിട്ടും ഗോവിന്ദ് വാശി പിടിച്ചു നില്ക്കുന്ന പോലെ..ഒടുവിൽ അത് കാര്യമാക്കാതെ ഞങ്ങൾ ഇരുവരും coin ഇൽ നിന്നും കൈ വലിച്ചു...
പെട്ടന്ന് മരിയ വേദന കൊണ്ട് ചാടി എഴുന്നേറ്റു.
"മരിയ , നിനക്ക് എന്താ പറ്റിയത്?" ഞാൻ പേടിയോടെ ചോദിച്ചു.
"ആരോ.... ആരോ എന്നെ ഉപദ്രവിക്കുന്നു. "  മരിയ യുടെ മുഖം അപ്പോൾ ഭീതി കൊണ്ട് ചുവന്നിരുന്നു.
ഞാൻ നന്നായ് ഭയന്നെങ്കിലും പുറമേ അത് കാട്ടാതെ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"നിനക്ക് തോന്നുന്നതാ മരിയ..സാരമില്ല."
"ഇല്ല സ്വപ്ന നീ ഇത് നോക്ക്. " അവളുടെ ചെറുവിരൽ ആരോ പിടിച്ചു വലിച്ചിട്ടെന്ന പോലെ പിന്നിലേക്ക് വളയുന്നു. അവൾ വേദന കൊണ്ട് പുളയുകയാണ്. "ഇല്ല മരിയ ഒന്നുമില്ല.... നീ ഭയപെടാതെ... "  ഞാൻ ചുറ്റിനും കണ്ണോടിച്ചു.പെട്ടന്ന് കണ്ണിൽ തടഞ്ഞത് ഓജോ കളിക്കുന്നതിനു മുൻപ് അവൾ മാറ്റി വച്ച കൊന്തയാണ്. ഞാൻ വേഗം കൊന്ത എടുത്ത് അവളുടെ കൈയിൽ കൊടുത്തു. പെട്ടന്ന് എല്ലാം ശാന്തമായത് പോലെ!!
ഒരു കൊടുംകാറ്റ് വീശി അടങ്ങിയ പോലെ അവൾ ദീർഘമായി നിശ്വസിച്ചു...
ഓജോ ബോർഡിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ഭീകരമായ മുഖം ഞങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യപെടുകയാണ്.. ഭീകരമായ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് എന്റെ മൊബൈൽ ശബ്ദിച്ചു. അമ്മയാണ്. അമ്മയുടെ ചിരിക്കുന്ന മുഖം സ്ക്രീനിൽ തെളിഞ്ഞു. മനസ്സിൽ പെട്ടന്നൊരു സമാധാനം. "മോളെ നിനക്ക് സുഖമാണോ? നന്നായി പഠിക്കുന്നുണ്ടോ?"
"ഉണ്ടമ്മേ.. പഠിക്കുന്നുണ്ട്." തെല്ലൊരു കുറ്റബോധം മനസ്സിൽ കടന്നു കൂടി.
"അമ്മ വെറുതെ വിളിച്ചതാ. മോൾക്ക് എന്തോ അപകടം സംഭവിക്കുന്നു എന്ന് മനസ്സിൽ ആരോ പറയുന്ന പോലെ.വെറുതെ തോന്നിയതാവും. മോളു പഠിച്ചോളൂ. നന്നായ് പ്രാർത്ഥിക്കണം കേട്ടോ. ഗുരുവായൂരപ്പനെ തൊഴുതിട്ടെ ഉറങ്ങാവൂ."
"ശരി അമ്മെ."
ഗുരുവായൂരപ്പൻ !! എന്റെ കണ്ണുകൾ തിരയുകയാണ്.ഓജോ കളിക്കുന്നതിനു മുൻപായ്‌ ഞാൻ എവിടെയോ മാറ്റി വച്ചിരുന്നു.മരിയ യാണ് പറഞ്ഞു തന്നത്. ഓജോ കളിക്കുമ്പോൾ ദൈവ സാമീപ്യം ഉണ്ടാവാൻ പാടില്ല എന്ന്. എവിടെ? ഗുരുവായൂരപ്പന്റെ ചിരിക്കുന്ന മുഖം? ഈശ്വരൻ എന്നെ ഉപേക്ഷിച്ചോ?
ചിന്തകൾ അമ്മയെ പറ്റി ആയി. മകൾക്ക് അപകടം സംഭവിക്കുന്ന കാര്യം മാതൃ ഹൃദയം അറിഞ്ഞിരിക്കുന്നു.ആരാണാവോ പറഞ്ഞു കൊടുത്തത്? ഗുരുവയൂരപ്പനാണോ?
ഇനി ഓജോ വേണ്ട..അപകടമാണ്......
ഓജോ ചെയ്യാതെ രണ്ട് ദിവസം കടന്നു പോയി. മരിയയുടെ ഭയമൊക്കെ മാറിയിരിക്കുന്നു. എന്റെ ഉള്ളിൽ ഇപ്പോഴും ദെഗി കുമാറും, അദിതിയും, ഗൊവിന്ദുമൊക്കെ കടന്നു വരുന്നു. അവരെല്ലാം എന്നോട് സംസാരിക്കുന്നു. രാത്രിയിൽ ഉറക്കത്തിൽ എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ട് പോകുന്നു. എനിക്കിനിയും ഓജോ ബോർഡ്‌ കളിക്കണം. പിടിച്ചു നിർത്താൻ കഴിയുന്നില്ല. മരിയയുടെ താല്പര്യം കുറഞ്ഞിരിക്കുന്നു. പിന്നെയും ഞാൻ നിർബന്ധിച്ചപ്പോൾ അവൾ സമ്മതിച്ചു. ആ കറുത്ത അധ്യായത്തെ മറന്നു കൊണ്ട് വീണ്ടുമൊരു രാത്രിയിൽ ഓജോ യുടെ മുന്നിലേക്ക്.
"are you here ?"
"y ...e ...s "
"what is your name ?"
"R ...O ...H ...I ...T "
"when did you die ?"
"2003 "
" a ..t ... t ..h ..e .. a ..g ..e ... o ..f .. 15 "
"പാവം അല്ലെ?" ഞാൻ മരിയയോട് ചോദിച്ചു.  രോഹിത് ഒരു നല്ല കുട്ടിയായിരുന്നു. അവന്റെ സംസാരം ഞങ്ങൾക്ക് ഇരുവർക്കും വളരെയേറെ ഇഷ്ടപ്പെട്ടു. അവൻ ഒരു കലാ ഹൃദയനായിരുന്നു എന്ന് ഞങ്ങള്ക്ക് തോന്നി. ഇടക്കെപ്പോഴോ അവൻ പറഞ്ഞു
"आज की रात बहुत सुन्दर है! "  അവനിപ്പോ മറ്റു കുട്ടികളെ പോലെ ഇതൊന്നും ആസ്വദിക്കാൻ കഴിയില്ലല്ലോ.  മനസുകളുടെ സംവാദത്തിനു ഭാഷയ്ക്ക് ഒട്ടും പ്രാധാന്യം ഇല്ല  എന്നെനിക്ക് തോന്നി. വരുന്നവർക്കെല്ലാം ഞങ്ങളുടെ മനസു വായിക്കാൻ കഴിയുന്നുണ്ട്.ഞങ്ങളുടെ സംശയങ്ങളും പേടികളും എല്ലാം അവർ മനസിലാക്കുന്നു. രോഹിത് ഞങ്ങളോട്  അവന്റെ വിഷമങ്ങൾ പറയുകയാണ്‌. ജീവിച്ചു കൊതി തീരും മുൻപേ വിധി മാറ്റി എഴുതിയ അവന്റെ ആയുസിനെ പറ്റി, സ്നേഹിച്ചു കൊതി തീരും മുൻപേ പിരിയേണ്ടി വന്ന അവന്റെ അച്ഛനെയും അമ്മയെയും പറ്റി. അവനോടുവിൽ പറഞ്ഞ വാക്കുകൾ ഹൃദയ സ്പർശി ആയിരുന്നു.
" अगर में सिन्दा होता तो आपके जितना होता ! "  -- ഞാൻ ജീവിച്ചിരുന്നെങ്കിൽ ഇപ്പൊ നിങ്ങളുടെ അത്രയും ആയേനെ!
പാവം. ഞങ്ങൾക്ക് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല. കുറച്ചു നേരത്തെ സംസാരത്തിന് ശേഷം രോഹിത് അവന്റെ ലോകത്തിലേക്ക് തിരികെ പോയി.
വീണ്ടും coin  ചലിക്കുകയാണ്. മറ്റൊരു വ്യക്തിത്വത്തിലേക്ക്...
M ...a ...h ...e ...s ...h .. മലയാളിയാണ്. കിളിമാനൂർ സ്വദേശി.  25 ആം വയസിൽ lung cancer  ആയി മരിച്ചതാണ്. കുറെ പരിച്ചയപ്പെടലുകൾക്ക് ശേഷം മഹേഷ്‌ ഞങ്ങളിൽ ഒരാളെ പോലെയായി.
കളി തമാശകൾ പറഞ്ഞു ശരിക്കും കൂട്ടുകാരെ പോലെയായി.ഞങ്ങളും ആദ്യമായാണ് ഒരു ആത്മാവിന്റെ അടുത്ത് ഇത്രയും പേടിയില്ലാതെ സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നത്. എന്തും പറയാം. ഒട്ടും ഭയമില്ലാതെ! ഞങ്ങളിത് വരെ ഓജോ യിൽ തിരഞ്ഞത് മഹേഷിനെ ആയിരുന്നുവെന്നു എനിക്ക് തോന്നി. മഹേഷ്‌ ഒരുപാട് സംസാരിക്കുന്നുണ്ട്. മഹേഷിന്റെ വീട്ടുകാരെ പറ്റി. സ്നേഹിതയെ പറ്റി.ദീപികയെ പറ്റി പറയുമ്പോൾ മാത്രം മഹേഷ്‌ സങ്കടപ്പെട്ടു.  മഹേഷിന്റെ വ്യക്തിത്വത്തിൽ എനിക്ക് ബഹുമാനം തോന്നി.സ്വന്തം വിഷമങ്ങൾ പറഞ്ഞു ഞങ്ങളെ വിഷമിപ്പിക്കാതിരിക്കാൻ അയാൾ ഒരുപാട് ശ്രമിക്കുന്നുണ്ടായിരുന്നു. മഹേഷിനെ പറ്റി ഓർത്ത് ഞങ്ങൾ സങ്കടപെടുന്നു എന്ന് തോന്നുമ്പോൾ തന്നെ വിഷയം മാറ്റും.
"രണ്ടിനും പഠിക്കാൻ ഒന്നുമില്ലേഇങ്ങനെ കളിച്ചു കൊണ്ടിരുന്നാൽ ആര് എക്സാം എഴുതും?"
"അതൊന്നും സാരമില്ല . ഞങ്ങൾ പിന്നെ പഠിച്ചോളാം "
" ബുജികൾ ! " മഹേഷ്‌ കളിയാക്കി.
" മഹേഷ്‌, മരിച്ചു കഴിഞ്ഞാൽ എന്താ സംഭവിക്കുക എന്ന് ഒന്നു പറഞ്ഞു തരാമോ?" എന്നിൽ ഒരുപാട് നാളായി ശേഷിക്കുന്ന ഒരു ചോദ്യമായിരുന്നു അത്. ഒടുവിൽ അതു പറഞ്ഞു തരാൻ ഒരാൾ എത്തിയിരിക്കുന്നു. എനിക്ക് സന്തോഷമായി.
"പറഞ്ഞു തരാമല്ലോ .. മരിച്ചു കഴിഞ്ഞാൽ ആത്മാവ് ശരീരത്തിൽ നിന്നും പുറത്തു വരും. നമ്മുടെ ശരീരം ചേതനയില്ലാതെ കിടക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റില്ല. എല്ലാവരും കരയുന്നതും നിലവിളിക്കുന്നതുമെല്ലാം ദൂരെ മാറി നിന്ന് നിസ്സഹായതയോടെ കാണേണ്ടി വരും."
നാണയത്തിന്റെ വേഗത കുറയുന്നു. മഹേഷ്‌ സങ്കടപ്പെടുകയാണ്. coin ന്റെ ചലങ്ങളിൽ നിന്നും ആത്മാവിന്റെ വികാരങ്ങൾ മനസിലാക്കാൻ ഞങ്ങൾ പഠിച്ചു കഴിഞ്ഞിരുന്നു. "അപ്പൊ മരിച്ചു കഴിഞ്ഞാൽ പിന്നെ എവിടെക്കാണ് പോവുക? " എന്നിലെ സംശയങ്ങൾ ഇനിയും നീളുകയാണ്.
"ദൂരേക്ക്.."
"ദൂരെ എവിടെ?"  ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
"വേറെ ഒരു ലോകത്തിൽ"
"അതെവിടെയാ?"
"അങ്ങ്..ദൂരെ... "
"ഇതെന്താ പറ്റിക്കുകയാണോ? " ഞാൻ അക്ഷമയോടെ ചോദിച്ചു.
"പിള്ളേരിത്രേം  അറിഞ്ഞാൽ മതി."
"ഓ ... ശരി...."

അപ്പോൾ മരിയക്ക് സംശയമായി.  "മഹേഷിനു എന്തെങ്കിലും അമാനുഷിക കഴിവുകൾ ഉണ്ടോ?
"ഉണ്ടല്ലോ."
"എന്താ അത് ?" മരിയയുടെ കണ്ണുകൾ  വിടർന്നു.
"എനിക്കെവിടെയും പോകാം. ലോകം മുഴ്വൻ കാണാം. പിന്നെ നിങ്ങളെ കുറിച്ചെല്ലാം എനിക്കറിയാം. അതായത് എനിക്ക് നിങ്ങളുടെ ഭാവികാലവും അറിയാം"
"ഞങ്ങളുടെ ഭാവിയെ പറ്റി എന്തറിയാം? " എല്ലാ മനുഷ്യഗണങ്ങൾക്കും  ഉള്ള അതെ ഉത്സുകതയോടെ ഞങ്ങളും ഞങ്ങളുടെ ഭാവി കേൾക്കാൻ മനസ് കൂർപ്പിച്ചു..
"നിങ്ങൾക്ക് എഞ്ചിനീയറിംഗ് കഴിയുമ്പോൾ കിട്ടുന്ന aggregate percentage  പറഞ്ഞു തരാം. എന്താ? പറയട്ടെ?"
"വേണം വേണം. ഞങ്ങൾക്ക് അറിയണം. "
"മരിയക്ക് 75% , സ്വപ്നക്ക് 70% എന്താ പോരെ.?"
"മതി മതി. ഈ ഉഴപ്പിനു ഇത് തന്നെ ധാരാളം അല്ലെ സ്വപ്ന." മരിയ ചിരിച്ചു.
"ഞങ്ങൾക്ക് ജോലി കിട്ടുമോ? " മരിയയുടെ അടുത്ത ടെൻഷൻ.
"പിന്നെന്താ .. pass out  ആകുന്ന വർഷം തന്നെ ലഭിക്കും. ഒരാൾക്ക്  ഇൻഫോസിസ് മറ്റെയാൾക്ക് എമിനെൻസ്. starting salary  25000 . എന്താ സന്തോഷമായില്ലേ."
"ഇതൊക്കെ ഞങ്ങളെ പറ്റിക്കാൻ പറയുന്നതാണോ?"
"അല്ല കുട്ടികളെ .. ഇതെല്ലാം നടക്കാൻ പോകുന്ന സത്യങ്ങളാണ്. നിങ്ങൾക്ക് വേണ്ടി വിധിച്ചിട്ടുള്ള സത്യങ്ങൾ. പിന്നെ അത് നിങ്ങളായി തിരുത്താതിരുന്നാൽ മതി. "
"അതെങ്ങനെ ഞങ്ങൾക്ക് തിരുത്താൻ കഴിയും? "

"അതും കഴിയും."
 മഹേഷ്‌ കൂടുതൽ പറയുന്നില്ല. ഞാൻ ശ്രദ്ധിക്കുകയായിരുന്നു. മഹേഷിനു പറയുന്നതിനെല്ലാം പരിധിയുണ്ട്. ആ ലക്ഷ്മണ രേഖ മറികടക്കാതെ ഇരിക്കാൻ അയാൾ ഒരുപാട് ബദ്ധപ്പെടുന്നുണ്ട്. ചിലപ്പോ ജീവിച്ചിരിക്കുന്നവർ അറിയാൻ പാടില്ലാത്ത രഹസ്യങ്ങൾ ആവും.
"ഞാൻ എപ്പോ മരിക്കും?" എന്റെ മനസിലുള്ള മറ്റൊരു ചോദ്യമായിരുന്നു അത്.
"കുറെ നേരം ആലോചിക്കുന്നത് പോലെ മഹേഷ്‌ എന്തൊക്കെയോ തിരഞ്ഞു.ഒടുവിൽ  പറഞ്ഞു. "84"
"പേടിക്കേണ്ട, ഇപ്പോഴെങ്ങുമേ നീ ഇങ്ങോട്ട് വരില്ല. നീ അമ്മൂമ്മയായി വടിയും കുത്തി എത്തുമ്പോൾ ഞാൻ ഇവിടെ ഓടിച്ചാടി നടക്കും." ഞാൻ ചിരിച്ചു.
മരിയ ക്ലോക്കിലേക്ക് നോക്കി. സമയം ഒരുപാട് വൈകിയിരിക്കുന്നു. മഹേഷു മായുള്ള സംസാരം മണിക്കൂറുകൾ നീണ്ടിരിക്കുന്നു. "മതി ഇത്രയും മതി. " മരിയ  പറഞ്ഞു. എനിക്ക് മഹേഷിനോട് ഇനിയും സംസാരിക്കണം എന്നുണ്ടായിരുന്നു.പക്ഷെ മഹേഷ്‌ പറഞ്ഞു.
"ശരി കുട്ടികളെ , ഞാനും തിരികെ പോവുകയാണ്. ഇനിയും വേണമെന്ന് തോന്നുമ്പോൾ  വിളിച്ചാൽ മതി. ഞാൻ വരാം. "
മഹേഷ്‌ പോവുകയാണ്. പറഞ്ഞു വിടാൻ എനിക്ക് ഒട്ടും മനസില്ല. മഹേഷ്‌ പോയി കഴിഞ്ഞു. എനിക്കിനിയും  ഓജോ ചെയ്യണമെന്ന തോന്നൽ ! ഞാൻ ഏതു വഴിക്കാണ് പോകുന്നത്? ഞാൻ ഇതിന് addict  ആവുകയാണോ? സമയം ഒരുപാടായി. ഇനി ഉറങ്ങാം. ഞാൻ ഉറങ്ങാൻ കിടന്നു. ഉറക്കം വരുന്നില്ല. ഓജോ ബോർഡ്‌ കളിയ്ക്കാൻ തുടങ്ങിയതിൽ പിന്നെ  ഒരു രാത്രി പോലും സമാധാനമായി ഉറങ്ങിയിട്ടില്ല. ഇനിയും സ്വപ്നത്തിൽ ആരെങ്കിലും വന്നാലോ? ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങൾ ഞാൻ ഇനിയും കാണുമോ? ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ ഉറങ്ങി.
"സ്വപ്ന ... "
എന്നെ ആരോ വിളിക്കുന്നു...ഞാൻ എഴുന്നേറ്റു ചുറ്റും നോക്കി. എന്റെ ടേബിളിൽ ആരോ ഇരിക്കുന്നു!! മുറിയിലാകെ ഒരു അരണ്ട പ്രകാശം വ്യാപിച്ചിരിക്കുന്നു. മരിയ ഉറക്കമാണ്. ഞാൻ വിളിക്കാൻ ശ്രമിച്ചു , പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല.
"പേടിക്കണ്ട ഞാൻ മഹേഷ്‌ ആണ്."
ആ രൂപം എന്നോട് സംസാരിച്ചു. ഞാൻ ചിരിക്കാൻ ശ്രമിച്ചു. 
"ഞാൻ പറഞ്ഞിരുന്നില്ലേ..ആത്മാക്കളുടെ ശക്തിയെ പറ്റി . എനിക്ക് നിങ്ങളുടെ എല്ലാം സ്വപ്നത്തിൽ വരാൻ കഴിയും. ഇത് നീ കാണുന്ന സ്വപ്നം ആണ്.
സ്വപ്നമോ? ഇത് .... ഇത് സ്വപ്നമാണോ? ഞാൻ എന്നെ നുള്ളി നോക്കി. വേദനിക്കുന്നണ്ടല്ലോ.
"മരിയ വേഗം എഴുന്നെല്ക്ക്." ഞാൻ മരിയയെ വിളിച്ചു.
"വേണ്ട അവൾ ഉറങ്ങിക്കോട്ടെ. വിളിക്കണ്ട. ഞാൻ വന്നത് നിന്നോട് സംസാരിക്കാനാണ്. നിങ്ങളിനി ഓജോ കളിക്കരുത്. മരിയ അതൊരു കുട്ടിക്കളിയായി മാത്രമേ കണ്ടിട്ടുള്ളു. പക്ഷെ നീ അങ്ങനെ അല്ല. നീ ആത്മാക്കളുമായുള്ള സംസാരത്തിലൂടെ അവരെ നിന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. നിനക്കറിയുമോ? നിങ്ങളോടു  സംസാരിക്കാൻ വന്നവരിൽ പലരും ദുരാത്മാക്കൾ ആയിരുന്നു. ദെഗി കുമാറും , ഗൊവിന്ദും ദുരത്മാക്കളാണ്.ഗോവിന്ദ് അന്ന് തിരികെ പോയിരുന്നില്ല. പിന്നെ അദിതി , അവൾക്കിപ്പോ ആവശ്യം ഒരു ശരീരമാണ്. അവളുടെ കഥ നീയും കേട്ടതല്ലേ. ഇതെല്ലാം എന്ത് അപകടമാണെന്ന് നിനക്കറിയുമോ? നീ അവരുടെ കഥകളിൽ ഒരുപാട് ശ്രദ്ധിച്ചു.അവരുടെ ദുരിതങ്ങൾ ഓർത്ത് വ്യസനിച്ചു.നിന്നെ പോലുള്ള ദുർബല ഹൃദയങ്ങൾക്ക്‌ അതൊന്നും താങ്ങാൻ കഴിയില്ല. നിനക്ക് ആത്മാക്കളുടെ മറ്റൊരു ശക്തിയെ പറ്റി അറിയുമോ? അവർക്ക് ജീവിച്ചിരിക്കുന്നവരുടെ ശരീരത്തിൽ കയറി കൂടുവാൻ കഴിയും. അവരുടെ ചിന്തയും  ഒരു മനുഷ്യന്റെ മനസും ഒരേ പാതയിലാകുമ്പോൾ അവർ ആ മനസ്സിൽ അലിഞ്ഞു ചേരും.

സ്വപ്നാ..... നീ പേടിക്കരുത്.... നിന്റെയൊപ്പം..................... നിന്റെയൊപ്പം  ഇപ്പൊ എല്ലാവരും ഉണ്ട്. നിന്നെ രക്ഷിക്കണം എന്ന് ആഗ്രഹമുള്ളത്‌ കൊണ്ടാണ് കുട്ടീ ഞാൻ ഇത്രയും പറയുന്നത്. എനിക്ക് മറ്റൊന്നും ചെയ്യാനാവില്ല. ഭയക്കാതെ ദൈവ വിചാരവുമായി എല്ലാത്തിനെയും നേരിടുക. "

മഹേഷ്‌ അപ്രത്യക്ഷനായി.
ഞാൻ .... ഞാൻ എന്താ കേട്ടത്? എന്റെയൊപ്പം എല്ലാവരുമോ? കൈകാലുകൾ വിറക്കുന്നു. എന്താണ് ചെയ്യേണ്ടത്? ഞാൻ മെല്ലെ എഴുന്നേറ്റു. മരിയയെ വിളിച്ചാലോ?

ആരോ വാതിലിൽ മുട്ടുന്നു. ഈ സമയത്ത് ആരാണ്? ഭയത്തോടെ അരണ്ട വെളിച്ചത്തിൽ തപ്പി തടഞ്ഞു ഞാൻ വാതിൽക്കൽ എത്തി.പതുക്കെ വാതിൽ തുറന്നു.
"അമ്മേ.... "എന്താണത്? എന്തൊരു രൂപം? പുറത്തു നില്ക്കുന്ന രൂപം കണ്ടു ഞാൻ അലറി വിളിച്ചു. അദിതി... കത്തി കരിഞ്ഞ ഒരു മാംസ പിണ്ഡം. അവളുടെ ശരീരത്തിൽ നിന്നും ഇപ്പോഴും പുക വമിക്കുന്നു. നിലവിളിച്ചു കൊണ്ട് ഞാൻ വാതിൽ ശക്തിയായി അടക്കാൻ ശ്രമിച്ചു. പക്ഷെ അതിലും ശക്തിയിൽ അവൾ അകത്തേക്ക് തള്ളുകയാണ്. പിന്തിരിഞ്ഞോടിയ ഞാൻ എന്തിലോ കാലു തട്ടി മറിഞ്ഞു വീണു. തട്ടി പിടഞ്ഞെണീറ്റ് നോക്കിയ എന്റെ മുന്നിൽ  ഒരു ശവ ശരീരം!
അത് മെല്ലെ എഴുന്നെല്ക്കുകയാണ്. എന്റെ കാലുകൾ മരവിച്ചിരിക്കുന്നു. ഓടാൻ കഴിയുന്നില്ല. നിലവിളിക്കാൻ ശബ്ദം പുറത്തേക്ക് വരുന്നില്ല. അതിനകം എഴുന്നേറ്റു കഴിഞ്ഞ ശവ ശരീരം എന്നെ ലക്ഷ്യമാക്കി നടന്നടുക്കുകയാണ്. എന്റെ ബുദ്ധി നശിക്കുകയാണ്.ഞാൻ മെല്ലെ  ഓരോ ചുവട് പിന്നിലേക്ക് നടന്നു. പെട്ടന്ന് എന്റെ മുഖത്തേക്ക് എന്തോ ദ്രാവകം ഇറ്റിറ്റു  വീണു. മങ്ങിയ വെളിച്ചത്തിൽ ഞാൻ തിരിച്ചറിഞ്ഞു ! അത് മനുഷ്യ രക്തമാണ്! മുകളിലേക്ക് നോക്കിയ ഞാൻ വീണ്ടും നിലവിളിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. അന്തരീക്ഷത്തിൽ ഒരു മനുഷ്യ രൂപം തല കീഴായി നില്ക്കുകയാണ്.അയാളുടെ തല അടിയേറ്റ പോലെ തകർന്നിരിക്കുന്നു. അതിൽ നിന്ന് വീണ രക്ത തുള്ളികൾ ആണിത്.  എന്റെ നേരെ മുന്നിലുള്ള ശവശരീരം തൊട്ടടുത്ത് എത്തിയിരിക്കുന്നു. രക്ഷപ്പെടാനായി കണ്ണുകൾ ചുറ്റും പരതി. കയിൽ എന്തോ തടഞ്ഞിരിക്കുന്നു. drafter  ആണ്. പിന്നെയൊന്നും ചിന്തിച്ചില്ല. എന്നിലെ സർവ ശക്തിയും ഉപയോഗിച്ച് മുന്നിൽ നിന്ന ഭീകര ജീവിയുടെ തലയിൽ ഞാനാ drafter  കൊണ്ട് ഭ്രാന്തമായ രീതിയിൽ മർദിച്ചു.
ഒരു തവണ അല്ല. എത്രയിരമോ തവണ.... എന്നിലെ എല്ലാ ശക്തിയും നശിക്കുന്നത് വരെ.

ഞാൻ ഉണർന്നത് ഏതോ ആശുപത്രിയിലെ രൂക്ഷ ഗന്ധത്തിനു നടുവിലാണ്. വൈദ്യുതിയുടെ തരംഗങ്ങൾ തലയിലേക്ക് തുളഞ്ഞു കയറുമ്പോഴും എന്റെ ചുറ്റിനും നിന്നട്ടഹസിക്കുന്ന രൂപങ്ങളെ ഞാൻ വ്യക്തമായി കാണുന്നുണ്ടായിരുന്നു. പിന്നീട് എപ്പോഴോ ഉണർന്നപ്പോൾ കോമാരമാടിയിരുന്ന രൂപങ്ങൾ അപ്രത്യക്ഷമായിരുന്നു. ചുറ്റിനും ആരുമില്ല. എഴുന്നേല്ക്കാൻ നോക്കി.കഴിയുന്നില്ല. ശരീരത്തിനാകെ നല്ല വേദന. ഞാൻ ആശുപത്രിയിലാണ്. എന്തായിരുന്നു എന്റെ അസുഖം?
പുറത്ത് ആരൊക്കെയോ സംസാരിക്കുന്നു. ഞാൻ ശ്രദ്ധിച്ചു നോക്കി. പരിചിതമായ ശബ്ദങ്ങളാണ്‌. പക്ഷെ ആരൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.
"എന്ത് പറയാനാ ? ഇത് വരെ കുട്ടിക്ക് ഭ്രാന്തിന്റെ നേരിയ ലക്ഷണങ്ങൾ പോലും ഉണ്ടായിട്ടില്ല. പെട്ടന്ന് എന്താണാവോ സംഭവിച്ചത്? "
ഭ്രാന്തോ??? എനിക്ക് ... എനിക്ക് ഭ്രാന്തയിരുന്നോ? പുറത്തു കേൾക്കുന്ന നേരിയ തേങ്ങൽ .. അത് തന്റെ അമ്മയല്ലേ..
"എന്റെ കുട്ടിക്ക് ഒരു കുഴപ്പവുമില്ല. എന്റെ ദൈവമേ ഇതൊക്കെ സഹിക്കാൻ ഞാൻ എന്ത് തെറ്റാണ്  ചെയ്തത്?"
എന്താണ് സംഭവിച്ചത് എന്ന് മനസിലാവുന്നില്ല. എല്ലാവരും എന്തൊക്കെയാ പുലമ്പുന്നത്?
"ആ കുട്ടിയുടെ ബോഡി വീട്ടിൽ എത്തിച്ചോ?"
"ഇല്ല . അതിന്റെ വീട്ടുകാർ ഗൾഫിലാ. ഇന്ന് വൈകിട്ട് എത്തും. പാവങ്ങൾ! അരുമയോടെ വളർത്തിയ  ഒരേ ഒരു മകളാ .. അവസാന നിമിഷം കാണാൻ മുഖം പോലും !!  തലച്ചോറു വരെ ചിതറിയെന്നാ കേട്ടത്. "
എന്റെയുള്ളിൽ തീ ആളുകയാണ്. ഗൾഫിലുള്ള അച്ഛനമ്മമാർ, ഒരേ ഒരു മകൾ, ഇവർ ആരെ പറ്റിയാണ് പറയുന്നത്? അത് മരിയ അല്ലെഎന്താ മരിയക്ക് പറ്റിയത്? തലയുടെ ഉള്ളിൽ ഒരായിരം വണ്ടുകൾ മൂളുന്ന പോലെ.. വേദന സഹിക്കാൻ പറ്റുന്നില്ല. മരിയാ..........
വീണ്ടും ഉണരുമ്പോൾ എന്റെ ചുറ്റിനും എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരെയും ഞാൻ തിരിച്ചറിഞ്ഞു. അച്ഛൻ , അമ്മ, അനിയൻ, എന്റെ കൂട്ടുകാർ. എന്റെ കണ്ണുകൾ  മരിയയെ തിരയുകയാണ്. ഇല്ല , അവൾ ഈ കൂട്ടത്തിലില്ല.
"അമ്മെ മരിയ എവിടെ? " വളരെ പണിപ്പെട്ട് ഞാൻ ചോദിച്ചു.  ഒരു വിതുമ്പലോടെ അമ്മ എന്റെ കൈയിൽ പിടിച്ചു." മരിയ പോയി മോളെ. നീ അറിയാതെ അവളെ.."
"അയ്യോ ... വേണ്ട എനിക്ക് കേൾക്കണ്ട." എന്റെ പ്രജ്ഞ വീണ്ടും മറയുകയാണ്. ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള നൂൽ പാലത്തിലേക്കാണ് ഞാൻ വഴുതി വീഴുന്നതെന്ന് എന്റെ മനസ് തിരിച്ചറിയുന്നുണ്ടായിരുന്നു. 
കണ്ണു തുറന്നപ്പോൾ ചുറ്റിനും ആരുമില്ല.രാത്രിയാണോ പകലാണോ എന്നു തിരിച്ചറിയാനാവാത്ത അവസ്ഥ. എന്റെ മനസ് മരിയയെ തിരയുകയാണ്.അവൾക്ക് എന്താണ് സംഭവിച്ചത്? ഞാൻ എന്താ ചെയ്തത്? എന്റെ ബുദ്ധിയിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. അന്ന് എന്റെ കൈയിൽ ഉയർന്നു താണ drafter ..... ദൈവമേ! എന്റെ വിഭ്രാന്തി പിടിച്ച മനസ് എന്റെ മരിയയെ കൊന്നോ? എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ഇന്ന് വരെ ഒരു ഉറുമ്പിനെ പോലും കൊല്ലാൻ അറച്ചിരുന്ന  എന്റെ കൈകൾ  എന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന എന്റെ പ്രിയപ്പെട്ട മരിയയെ ...
ചെയ്തു പോയ തെറ്റിൽ നീറി നീറി ഞാൻ എത്ര നാൾ ജീവിക്കും? എനിക്കിനി ഈ ജീവിതം വേണ്ട. ലക്ഷ്യമില്ലാതെ ഒഴുകുന്ന നദി പോലെ കണ്ണുനീർ ഒഴുകുകയാണ്.ഈ കണ്ണുനീർ അവളുടെ ജീവനു പകരമാവില്ലല്ലോ. ഞാൻ എന്നെ തന്നെ വെറുക്കുകയാണ്. ശപിക്കപ്പെട്ട ജന്മത്തെ.

ജനലയഴികളിലൂടെ ഇറ്റു വീഴുന്ന പ്രകാശ കണങ്ങളിലേക്ക്  ഞാൻ നിർവികാരതയോടെ നോക്കി. അതിലൊരു പ്രകാശ നാളം വളരുകയാണ്.വളർന്നു വളർന്നു വലുതായി അതൊരു പ്രകാശ ഗോളമായി മെല്ലെ എന്റെ അടുത്തേക്ക് ഒഴുകി വരികയാണ്. അതിന്റെയൊപ്പം ഉണ്ടായിരുന്ന രൂപത്തെ ഞാൻ തിരിച്ചറിഞ്ഞു. മഹേഷ്‌!
മഹേഷ്‌ മെല്ലെ എന്റെ അടുത്തേക്ക്  വന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മഹേഷ്‌ എന്നെ സമാധാനിപ്പിച്ചു.

"സാരമില്ല കുട്ടീ. ജീവിതം ഒരു വലിയ യാത്രയാണ്. ഒരു നീണ്ട പന്ഥാവിലൂടെയുള്ള, അഗ്രം എവിടെ ആണെന്നറിയാത്ത യാത്ര. ചിലപ്പോൾ അടുത്ത കാൽ വെയ്പോട് കൂടി ആ പാത അവസാനിച്ചേക്കാം. മറ്റു ചിലപ്പോൾ അവസാനിക്കണം എന്നാഗ്രഹിച്ചാൽ കൂടി വീണ്ടും വീണ്ടും നീളുന്ന പാത. വിവിധ ലക്ഷ്യങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും ആ പാതയിലൂടെ നമ്മൾ എത്തിച്ചേരുക ഒരേ അന്ത്യത്തിലായിരിക്കും. സമയമാകുന്ന വേഗതയിലൂടെ നമ്മളെല്ലാം അതിലൂടെ സഞ്ചരിക്കും. ചിലപ്പോൾ പൂക്കൾ വിരിഞ്ഞ് മഴവില്ലുകൾ തെളിഞ്ഞ പാത എവിടെയൊക്കെയോ വച്ച് മനസിനെയും ശരീരത്തിനെയും തളർത്തുന്നയത്ര ദുർഘടമായി തീരുന്നു. പതറി വീഴുന്ന മനുഷ്യ മനസിനെ ഉയർത്തി നിർത്താതെ കാലം ആ പാതയിലൂടെ വലിച്ചിഴക്കുന്നു.അതാണ്‌ കുട്ടീ ജീവിതം.
ജീവിതമെന്താണ്  എന്നും മരണം എന്താണ് എന്നും മനസിലാക്കാതെ പോയതാണ് നിനക്കും മരിയക്കും പറ്റിയ തെറ്റ്. നീ ഈ പ്രകാശ ഗോളം കണ്ടോ. നീയും മരിയയും  അറിയാൻ വൈകിയ ദൈവ രൂപമാണിത്. ഞങ്ങൾ വന്നത് നിന്നെ കൊണ്ട് പോകാനാണ്. വാ.. നമുക്ക് പോകാം."  മഹേഷ്‌ എന്റെ കൈ പിടിച്ചു.
സ്വപ്നയെന്ന ഞാൻ ഇവിടെ അവസാനിക്കുകയാണ്. എന്റെ ചേതനയറ്റ ശരീരത്തെ എനിക്കിപ്പോ കാണാം. ഞാനിപ്പോൾ ഒരു യാത്രയിലാണ്. ഞാൻ ചിന്തിച്ചു. 84 വയസു വരെ നീണ്ടു കിടന്നിരുന്ന എന്റെ ആയുസിനെ പറ്റി, ഞാൻ placed  ആകനിരുന്ന കമ്പനിയെ പറ്റി, എനിക്ക് കിട്ടനിരുന്ന percentage  ഇനെ പറ്റി....
എല്ലാത്തിനെയും ഞാൻ തിരുത്തി എഴുതി.. ഇതാ... ഞാൻ മഹേഷ്‌ പറഞ്ഞിരുന്ന ലോകത്തിൽ എത്തിയിരിക്കുന്നു.എത്ര സുന്ദരമായ ലോകം. "ദാ  അങ്ങോട്ട്‌ നോക്കൂ, " മഹേഷ്‌ ഒരു സ്ഥലത്തേക്ക്  കൈ ചൂണ്ടി.


കുറെ റോസാ പൂക്കളുടെ നടുവിലിരുന്ന് മരിയ എന്നെ നോക്കി പുഞ്ചിരിച്ചു.